Saturday, November 8, 2014

വീണ്ടുമൊരു കുരുക്ഷേത്രം


ദുശ്ശാസനനെതിരെ തൊടുത്തുവിട്ട അമ്പ്

ആയിരം ദുശ്ശാസനന്മാരെക്കണ്ടു പതറി

ആകാശമാര്‍ഗ്ഗത്തില്‍ സ്തംഭിച്ചുനില്‍ക്കുന്നു!

എന്തിനിയുമീപാഴ് വേലയെന്നോര്‍ത്ത്

വില്ലും ശരവും താഴെവയ്ക്കുന്നു അര്‍ജ്ജുനന്‍!

ഇനിയുമൊരങ്കത്തിനു ബാല്യമില്ലാത്തതുകൊണ്ട്

ചമ്മട്ടി വലിച്ചെറിഞ്ഞ്, ഓടക്കുഴല്‍ കൈയ്യിലെടുത്ത്

വൃന്ദാവനം ലക്ഷ്യമാക്കി നടകൊണ്ടു ഭഗവാന്‍!

ദാര്‍ശനികഭാരങ്ങളൊഴിഞ്ഞുപോയതില്‍

ആശ്വാസനിശ്വാസങ്ങളുതിര്‍ത്ത്

ദ്രൗപതീഗൃഹം നോക്കി നടകൊണ്ടൂ അര്‍ജ്ജുനന്‍!

അങ്ങനെ കുരുക്ഷേത്രയുദ്ധം ഒന്നാം ദിവസം

ഒന്നാംനാഴികയില്‍ത്തന്നെ പരിസമാപ്തിയായി!

യമുനാതീരം വിരസതമുറ്റി വിജനമായിത്തീര്‍ന്നത്

കാര്‍വര്‍ണ്ണനറിഞ്ഞില്ല!

ദ്രൗപതിയുടെ അഴിഞ്ഞുലഞ്ഞ കാര്‍കൂന്തല്‍

നരകയറി നിറഞ്ഞത് അര്‍ജ്ജുനനുമറിഞ്ഞില്ല!

Monday, November 18, 2013

മാഞ്ഞുപോകുന്ന വ്യസനങ്ങള്‍

മകനേ
ഞാന്‍ നടന്നുതീര്‍ത്ത ദുരിതദൂരങ്ങള്‍
നീ അളന്നെടുക്കരുത്.
വിജനതീരങ്ങളില്‍ ഒടുങ്ങാനുള്ളതല്ല നിന്‍റെ  ജീവിതം.
മകനെ
എന്‍റെ ഹൃദയത്തിലെ മുറിപ്പാടുകളുടെ
ഏണ്ണമെടുക്കരുത്.
നനഞ്ഞ വ്യഥകളില്‍ കെട്ടുപോകാനുള്ളതല്ല നിന്‍റെ ജീവിതം.
എനിക്കു പിന്നില്‍ കൊട്ടിയടഞ്ഞ വാതിലുകളുടെ
പിന്നാമ്പുറം നീ തിരക്കരുത്.
നിനക്കുവേണ്ടി മാത്രം തുറക്കുന്ന വാതിലുകള്‍
നീ ലക്ഷൃമാക്കുക.
ഈ പരാജിതന്‍റെ പരിദേവനങ്ങള്‍ക്കു
നീ ചെവി കൊടുക്കരുത്,
മിഴിയാഴങ്ങളില്‍ കണ്ണുനീരിന്‍റെ ഉറവ തേടരുത്,
അനര്‍ത്ഥങ്ങളുടെ ഉമിത്തീയില്‍
അറിയാതെ കാല്‍ വയ്ക്കരുത്,
ആഘോഷങ്ങളുടെ പൂത്തിരി കത്തിച്ച്
നീ സ്വയം നട കൊള്ളുക.
എന്‍റെ നിഴല്‍ വീഴാത്ത വിദൂരതീരങ്ങളില്‍
നിന്‍റെ കുടില്‍ കെട്ടുക.
എന്‍റെയീ പഴങ്കൂടില്‍ നിന്ന്
പ്രാണന്‍റെ കിളി പറന്നു പോകുമ്പോള്‍
എന്നെയോര്‍ത്ത് നീ വ്യസനിക്കരുത്.
ഇന്നല്ലെങ്കില്‍ നാളെ
മാഞ്ഞുപോകാനുള്ളതാണ് വ്യസനങ്ങളെല്ലാം.

Sunday, October 6, 2013

നിസംഗ മൗനം

നിസംഗ മൗനം

എന്താ നിങ്ങള്‍ ഏകാകിയായിരിക്കുന്നത്,
ദുഖിതനായിരിക്കുന്നത്,
നിരാശനായിരിക്കുന്നത്,
എന്നാരെങ്കിലും ചോദിക്കുമെന്ന്
വെറുതെ ഞാനാശിച്ചു.
എല്ലാ ചോദ്യങ്ങളും ശബ്ദമില്ലാതെ
പുറപ്പെട്ടിടത്തു തന്നെ പൊലിഞ്ഞു പോകുന്നു!

ഞാനൊരാളാണെന്നും,
എനിക്കൊരിടമുണ്ടെന്നും,
ഈയിടത്തില്‍ ഞാനുണ്ടെന്നും
വെറുതെ ഞാന്‍ ശഠിച്ചു.
എല്ലാ ശാഠ്യങ്ങളും നിരാസത്തിന്‍റെ
കുറ്റന്‍ കരിംപാറകളില്‍ തട്ടി
തിരിച്ചുവന്നുകൊണ്ടേയിരിക്കുന്നു!

സാന്ത്വനം നീരസമായും
പുഞ്ചിരി പരിഹാസമായും
സൗഹൃതം ശതൃതയായും
പങ്കുവയ്ക്കല്‍ പിടിച്ചടക്കലായും
സഹായഹസ്തം മുഷ്ടിപ്രഹരമായും
തിരികെത്തിരികെ വന്നുകൊണ്ടേയിരിക്കുന്നു!

ആര്‍ത്തലക്കുന്ന കടല്‍പ്പരപ്പില്‍ നിന്ന്
നിസംഗമൗനങ്ങളുടെ ആഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങാന്‍ കഴിയുന്നവന്‍
എത്ര ഭാഗ്യവാന്‍!

Monday, September 16, 2013

പ്രാര്‍ത്ഥന


മനസ്സില്‍ നിന്നാര്‍ദ്രത മായാതിരിക്കട്ടെ,
കനിവിന്നുറവകള്‍ വറ്റാതിരിക്കട്ടെ,
കാരുണ്യമുള്‍ക്കണ്ണില്‍ നിറവായിരിക്കട്ടെ,
താരുണ്യം തനുവിന് തുണയായിരിക്കട്ടെ.
സ്വപ്നങ്ങള്‍ക്കര്‍ത്ഥവും ചിറകും മുളയ്ക്കട്ടെ,
കല്‍പ്പനകള്‍ കരവിരുതാല്‍ കാവ്യമായ് തീരട്ടെ.
സത്യവും ധര്‍മ്മവും കൂട്ടായിരിക്കട്ടെ,
മൃത്യുവിന്‍  ഭീതികളുഴലാതിരിക്കട്ടെ.
മദമാല്‍സര്യങ്ങള്‍ മഥിക്കാതിരിക്കട്ടെ,
മാന്യത പൊയ്മുഖമണിയാതിരിക്കട്ടെ.
വ്യര്‍ത്ഥസംഹിതകള്‍ക്കര്‍ത്ഥം നശിക്കട്ടെ,
സ്വാര്‍ത്ഥമോഹങ്ങള്‍ ചുഴലാതിരിക്കട്ടെ.
അറിവിന്‍ വെളിച്ചത്തിലന്ധത മാറട്ടെ,
നെറിവും നേരുമായ് നീതിയും പുലരട്ടെ.
അല്‍പ്പത്തമല്‍പ്പവും തീണ്ടാതിരിക്കട്ടെ,
വ്യല്‍പ്പത്തിയോടേതു വിദ്യയും ഗ്രഹിക്കട്ടെ.
ആയൂരാരോഗ്യ സൗഭാഗ്യങ്ങളോടേവമീ-
ജ്ജീവിതം ജീവിക്കാന്‍ ദൈവം തുണക്കട്ടെ!

Saturday, June 8, 2013

പ്രണയിനിക്കൊരു സന്ദേശം


പ്രണയിനീ.....
എന്നെ വിശ്വസിക്കരുത്
നിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍
എനിക്കു ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നെ ആശ്രയിക്കരുത്
എല്ലായിപ്പോഴും നിന്‍റെ രക്ഷകനാകാന്‍
എനിക്കു കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നോടു കല്പിക്കരുത്
നിന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍
എനിക്കു ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നെ പിന്‍തുടരരുത്
പെരുവഴിയില്‍ നിന്നെ തനിച്ചാക്കി
ഞാന്‍ ചിലപ്പോള്‍ അപ്രത്യക്ഷനായിയെന്നു വരാം.
പ്രണയിനീ.....
എന്നില്‍ നീ പ്രതീക്ഷകള്‍ അര്‍പ്പിക്കരുത്
നിന്‍റെ പ്രതീക്ഷകള്‍ ചിലപ്പോള്‍
പൊലിഞ്ഞുപോയീയെന്നു വരാം.
പ്രണയിനീ.....
ഞാന്‍ സത്യസന്ധനായിരിക്കണമെന്നു ശഠിക്കരുത്
എല്ലാ സത്യങ്ങളും എല്ലായിപ്പോഴും പാലിക്കാന്‍
എനിക്കു കഴിഞ്ഞെന്നു വരില്ല.
പ്രണയിനീ.....
എന്‍റെ നേരെ വിരല്‍ ചൂണ്ടരുത്
നിന്‍റെ ചൂണ്ടുവിരല്‍ ചിലപ്പോള്‍
ശൂന്യതയിലേക്കു നീണ്ടു സ്തംഭിച്ചു പോയേക്കാം!
പ്രണയിനീ.....
എന്‍റെയുള്ളില്‍ വിലപിടിപ്പുള്ളതായിട്ടൊന്നുമില്ല.
പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേരാനുള്ള
ഈ ശരീരമല്ലാതെ!
എന്‍റെയുള്ളിലെ ഏകാന്തതടവുകാരന്‍
ഇനി പരോളിന് അപേക്ഷിക്കുന്നില്ല!
അതുകൊണ്ടു പ്രണയിനീ.....
നമുക്കിനി പിരിയാം.
നിനക്കായിയൊരു രക്ഷകന്‍
വരുമെന്നു കരുതാം.